കൊച്ചി | 19, ജനുവരി | 2026.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ ദൗർഭാഗ്യകരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകും. ആരുമായും തർക്കത്തിനില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു. “സതീശൻ ഇന്നലെ പൂത്ത തകരയാണ്” എന്ന വെള്ളാപ്പള്ളിയുടെ പരാമർശവും, സതീശനെ അഴിച്ചുവിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന സുകുമാരൻ നായരുടെ മുന്നറിയിപ്പും ചൂണ്ടിക്കാട്ടിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
സി.പി.ഐ.എമ്മിനെതിരെ വിമർശനം…
സി.പി.ഐ.എം കേരളത്തിൽ വർഗീയ രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയുള്ളതാണ്. ഇന്ത്യൻ ഭരണഘടനയെ പോലും ആക്ഷേപിച്ച സജി ചെറിയാന്റെ വാക്കുകൾക്കും നാക്കിനും നിയന്ത്രണമില്ല. ഇപ്പോൾ നടക്കുന്നത് തരംതാണ വർഗീയ രാഷ്ട്രീയമാണെന്നും, സജി ചെറിയാൻ പറഞ്ഞതാണോ പാർട്ടിയുടെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ. മുരളീധരന്റെ പിന്തുണ…
വി.ഡി. സതീശനെ ആര് ആക്രമിച്ചാലും ശക്തമായി എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. സതീശനെ മാത്രമല്ല, ഏതൊരു കോൺഗ്രസ് നേതാവിനെ പുറത്തുള്ളവർ അധിക്ഷേപിച്ചാലും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയ്ക്കെതിരെയാണ് താൻ സംസാരിച്ചതെന്നും അല്ലാതെ സമുദായ സംഘടനകൾക്ക് എതിരല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights
KPCC President Sunny Joseph says personal attacks against V.D. Satheesan should have been avoided.
Emphasizes that Congress values a friendly relationship with all community leaders and seeks to resolve differences.
Accuses CPIM of playing “low-level communal politics” through leaders like Saji Cherian and A.K. Balan with the CM’s backing.
K. Muraleedharan affirms that Congress will strongly counter any external attacks on its leaders.
Background: NSS and SNDP leaders had recently launched severe verbal attacks on the Leader of the Opposition.




















































