ആലപ്പുഴ | 21, ജനുവരി | 2026
കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ. ഐക്യത്തിന് ആദ്യം കാഹളം മുഴക്കിയത് എൻഎസ്എസ് ആണെന്നും അതിൽ നന്ദിയുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. എസ്എൻഡിപി യോഗം കൗൺസിലിൽ ഐക്യ പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാന ചിന്താഗതിക്കാരായ സമുദായങ്ങളെ കൂട്ടിയിണക്കി സാമൂഹിക നീതിക്ക് വേണ്ടി പോരാടുമെന്നും ഇതിൽ ‘നായാടി മുതൽ നസ്രാണി വരെ’ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കാറിൽ യാത്ര ചെയ്തത് വിവാദമാക്കിയവർക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ മറുപടി തനിക്കും സമുദായത്തിനും വലിയ ആത്മബലം നൽകിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി പെരുന്നയിലെത്തും. ഒരു സമുദായത്തോടും വിദ്വേഷമില്ലെന്നും എന്നാൽ മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോൾ കാണിച്ച വിവേചനങ്ങളെ തുറന്നു കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗ് ഒഴികെയുള്ള എല്ലാ സംഘടനകളുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി.
മന്ത്രി സജി ചെറിയാൻ തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സത്യം പറഞ്ഞാൽ എന്തിനാണ് ഖേദിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും വെള്ളാപ്പള്ളി കടുത്ത വിമർശനം ഉന്നയിച്ചു. സതീശൻ തങ്ങൾക്ക് ഒരു ചർച്ചാ വിഷയമേയല്ലെന്നും, സമുദായങ്ങളെ ബഹുമാനിക്കുന്ന എ.കെ ആന്റണി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ വാക്കുകൾക്ക് മാത്രമേ വില നൽകുന്നുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Vellappally Natesan announces SNDP-NSS unity, Meeting with G Sukumaran Nair soon, Criticism against VD Satheesan and support for Saji Cheriyan’s initial statement.




















































