പാലക്കാട് I ഡിസംബർ 19, 2025
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു (38), പ്രസാദ് (34), മുരളി (38), അനന്തൻ (55), ബിപിൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശിയായ രാംനാരായൺ ഭയ്യാർ (31) ആണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ നീണ്ട ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കൊടുവിലാണ് യുവാവ് ചോരതുപ്പി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലി തേടിയെത്തിയ രാംനാരായൺ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. വഴിചോദിക്കാനും മറ്റും വീടുകളിൽ കയറിയ യുവാവിനെ മോഷ്ടാവാണെന്ന് സംശയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചു. തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ യുവാവിനെ വളയുകയും ചോദ്യം ചെയ്യലെന്ന പേരിൽ ക്രൂരമായി മർദിക്കുകയുമായിരുന്നു. വടികൊണ്ടുള്ള അടിയേറ്റ് രാംനാരായണിന്റെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പെടെ മാരകമായി പരിക്കേറ്റു.
രക്തം ഛർദിച്ച് അവശനായ യുവാവിനെ പോലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് രാംനാരായണിന് ചില മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന കൂടുതൽ പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.
Content Highlight: Five persons were arrested for the mob lynching of a migrant worker from Chhattisgarh, Ramnarayan Bhayar, in Walayar, Palakkad. The victim allegedly faced hours of brutal assault on suspicion of theft.




















































