മലപ്പുറം | 12, ഫെബ്രുവരി | 2026
നിലമ്പൂരിൽ ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ മാല കവർന്ന യുവതി പിടിയിൽ. മുക്കട്ട സ്വദേശിനിയായ സമീനയെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണ്ണമാല പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി വിഴുങ്ങുകയായിരുന്നു. ഇതോടെ ആഭരണം വീണ്ടെടുക്കാനായി യുവതിയെ നിരീക്ഷണത്തിലാക്കി കാത്തിരിക്കുകയാണ് പോലീസ്.
നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ വെച്ചായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ചികിത്സയ്‌ക്കെത്തിയ കൊച്ചുകുട്ടിയെ താലോലിക്കുകയും ചിരിച്ചു കളിച്ച് സൗഹൃദം സ്ഥാപിക്കുകയും ചെയ്ത സമീന, ആരും ശ്രദ്ധിക്കാത്ത നേരത്ത് കുഞ്ഞിന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല കാണാതായത് ശ്രദ്ധയിൽപ്പെട്ട കുടുംബം ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
തുടർന്ന് പോലീസ് ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീന പിടിയിലാകുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് മാല താൻ വിഴുങ്ങിയതാണെന്ന് ഇവർ വെളിപ്പെടുത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിൽ വയറ്റിനുള്ളിൽ മാലയുണ്ടെന്ന് സ്ഥിരീകരിച്ചു. സ്വാഭാവികമായ രീതിയിൽ മാല പുറത്തുവരുന്നതിനായി പോലീസ് നിലവിൽ കാത്തിരിക്കുകയാണ്.
Content Highlights
- Police in Nilambur arrested a woman named Sameena for stealing a child’s gold chain at a clinic.
- The suspect swallowed the stolen jewellery to hide the evidence when she feared being caught.
- The theft was identified through CCTV footage after the child’s parents filed a police complaint.
- An X-ray examination confirmed the presence of the gold chain inside her stomach.
- Police are waiting for the natural recovery of the ornament under medical observation.




















































