തിരുവനന്തപുരം I ഡിസംബർ 13, 2025
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രകടമാകുന്നു. ഗ്രാമപഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ എല്ലാ മേഖലകളിലും യു.ഡി.എഫ് ശക്തമായ ലീഡ് നിലനിർത്തുകയാണ്. 2010-ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.
എല്ലാ മേഖലയിലും മുന്നേറ്റം
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്ന ട്രെൻഡാണ് പുറത്തുവരുന്നത്. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റം നടത്താൻ യു.ഡി.എഫിന് സാധിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യത നൽകുന്ന സൂചനകളായാണ് ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പിക്ക് അപ്രതീക്ഷിത നേട്ടം
യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത ശക്തമായ മുന്നേറ്റം നടത്തുമ്പോൾ, എൽ.ഡി.എഫിന് കാര്യമായ തിരിച്ചടിയാണ് നേരിടുന്നത്. അതേസമയം, ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടം അവകാശപ്പെടാനുണ്ട്. മുൻപ് 23 പഞ്ചായത്തുകളിൽ ലീഡ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 33 പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് ലീഡ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നത്. കൂടാതെ, ഒരു കോർപ്പറേഷനിലും ബി.ജെ.പി ലീഡ് തുടരുന്നുണ്ട്.
UDF wave across Kerala: Leads in all segments after three hours of counting; First such historic advance since 2010.




















































