ചേലക്കര I ഡിസംബർ 19, 2025
ചേലക്കര: ചേലക്കര എളനാട് റോഡിൽ അമിതവേഗതയിലെത്തിയ ട്രാവലർ ഇടിച്ച് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ ചാക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. ചേലക്കര എസ്.എം.ടി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ (13), ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ, ബസ് കയറുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചേലക്കര ഭാഗത്തുനിന്നും എളനാട് ഭാഗത്തേക്ക് അതിവേഗത്തിൽ വന്ന ട്രാവലർ കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇവരെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി – ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Content Highlight: Two student siblings were injured, one critically, after being hit by a speeding traveler while crossing the road at Chelakkara, Thrissur.




















































