തിരുവനന്തപുരം | 06, ജനുവരി | 2026
കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ തന്നെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ കയ്യിൽ തന്റെ നമ്പർ ഉണ്ടെന്നും കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അത് തന്നെ അറിയിച്ചാൽ താൻ പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
“ഈ വാഗ്ദാനത്തിൽ മാറ്റമില്ല” എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയെ ടാഗ് ചെയ്താണ് രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “പിണറായി വിജയന്റെ കൈവശം എന്റെ ഫോൺ നമ്പർ ഉണ്ട്. കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം എന്നെ അറിയിക്കാവുന്നതാണ്. ഞാൻ അത് പ്രധാനമന്ത്രി മോദി ജിയുമായി സംസാരിക്കാം,” രാജീവ് ചന്ദ്രശേഖർ കുറിച്ചു.
മേൽപ്പാലങ്ങൾ തൂണുകളിൽ നിർമ്മിക്കും
അതേസമയം മറ്റൊരു പോസ്റ്റുകൂടി രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചിട്ടുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടുവെന്നും ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
“ഞങ്ങളുടെ വാഗ്ദാനം, ഞങ്ങൾ പാലിച്ചിരിക്കുന്നു… 2026 വികസിത കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നു… ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി ജിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടു. ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നു,” പോസ്റ്റിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാതയോരത്തുള്ളവർക്ക് ഇതൊരു വലിയ ആശ്വാസമാകുമെന്നും അവരുടെ പ്രശ്നങ്ങൾ നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് അന്ന് താൻ വാക്ക് നൽകിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നും സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഉറപ്പാക്കുമെന്നും നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Content Highlights
Rajeev Chandrasekhar challenges CM on Hindu protection issue
Says CM has his phone number, can contact anytime
Offers to speak with PM Modi if CM unable to protect Hindus
Tagged CM in Facebook post titled “No change in this promise”
Announces success in talks with Union Minister Gadkari
All future flyovers to be built on pillars instead of earth-filled walls
Despite higher cost, decision considers public needs
Relief for residents along national highways like Ochira area
Thiruvananthapuram Outer Ring Road final approval by Feb-March
Compensation distribution for land acquisition assured




















































