മലപ്പുറം | 08, ജനുവരി | 2026
സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാൻ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള യാത്രക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം.
തെറ്റായ മുൻവിധിയോടെ സമീപിക്കുന്നു
മലപ്പുറത്തെ തെറ്റായ മുൻവിധിയോടെ സമീപിക്കുന്ന രീതിയുണ്ടെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായി ഭീകരരായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നു. അതിനെയൊക്കെ വിവേകത്തോടെ സമീപിച്ചവരാണ് മലപ്പുറത്തുകാർ. വ്യാജപ്രചരണങ്ങൾക്കെതിരെ സ്നേഹത്തിലൂടെ മറുപടി നൽകിയവരാണെന്നും കാന്തപുരം പറഞ്ഞു.
രാപകൽ അധ്വാനിച്ചുപഠിച്ച് നേട്ടങ്ങളുണ്ടാക്കിയ ജില്ലയിലെ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നതിന് പകരം അഭിനന്ദിക്കാനാണ് നേതാക്കൾ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.
ജില്ലാ വിഭജനം മതപരമായി കാണരുത്
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കൾ ആവശ്യം ഉന്നയിച്ചത്. കേരള യാത്ര മലപ്പുറം ജില്ലയിൽ എത്തിയപ്പോൾ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പ്രസ്താവന വായിക്കുകയായിരുന്നു.
ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
“ജില്ലാ വിഭജനം എന്നത് റവന്യൂ സൗകര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. അല്ലാതെ അത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവൻ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകൾ സൂക്ഷ്മമായി പഠിച്ചുകൊണ്ടുള്ള പുനഃസംഘടനയാണ് വേണ്ടത്,” ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights
Kanthapuram says Malappuram’s friendly atmosphere should be model for country
Social life security through harmonious environment
Wrong prejudices against Malappuram must stop
District portrayed as terrorists, ridiculed, and insulted
People responded to false propaganda with love
Students who worked hard deserve appreciation not abuse
District bifurcation demand raised by Kanthapuram faction
Khaleel Bukhari says don’t view division through religious lens
Division needed for revenue facilities, not federal violation
Reorganization should consider demographics and geography
Should be seen as demand of Malappuram people




















































