വാഷിംഗ്ടൺ | 08, ജനുവരി | 2026
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം വെളിപ്പെടുത്തി. ഇതിനിടെ ഉപരോധങ്ങൾ വകവെയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ താരിഫ് നിർദേശിക്കുന്നതാണ് ബിൽ എന്നും റിപ്പോർട്ടുകളുണ്ട്.
ലിൻഡ്‌സി ഗ്രഹാമിന്റെ വെളിപ്പെടുത്തൽ…
റിപ്പബ്ലിക്കൻ സെനേറ്റർ ലിൻഡ്‌സി ഗ്രഹാം ആണ് ബില്ലിന് ട്രംപിന്റെ അനുമതി ലഭിച്ചതായി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
“പ്രസിഡന്റ് ട്രംപുമായി വിവിധ വിഷയങ്ങളിൽ നടന്ന വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, റഷ്യൻ ഉപരോധ ബില്ലിന് അദ്ദേഹം പച്ചക്കൊടി കാണിച്ചു. സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യുന്നതിനാലും പുടിൻ നിരപരാധികളെ കൊല്ലുന്നത് തുടരുന്നതിനാലും ഈ ബിൽ സമയബന്ധിതമായിരിക്കും.”
“റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതായിരിക്കും ഈ ബിൽ. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുമാനം കൈകൊള്ളുന്നതിന് യുഎസിന് കൂടുതൽ അധികാരം നൽകുന്നതാകും ബിൽ. അടുത്തയാഴ്ച വോട്ടിങ് നടക്കും,” ലിൻഡ്‌സി ഗ്രഹാം പറഞ്ഞു.
ട്രംപിന്റെ തുടർച്ചയായ ഭീഷണികൾ…
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യക്കെതിരെയടക്കം ട്രംപ് ഭീഷണി തുടരുകയാണ്. ഈ സമയത്താണ് പുതിയ ബില്ലിന് ട്രംപ് അനുമതി നൽകുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്പ്പന്നങ്ങൾക്ക് നിലവിലുള്ള താരിഫ് വീണ്ടും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. താൻ സന്തോഷവാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.
“എന്നെ സന്തോഷിപ്പിക്കുകയാണ് ഇന്ത്യയുടെ ആഗ്രഹം. മോദി വളരെ നല്ല മനുഷ്യനാണ്. വിഷയത്തിൽ ഞാൻ സന്തോഷവാനല്ലെന്ന് മോദിക്ക് അറിയാം. എന്നെ സന്തോഷിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. വളരെ വേഗത്തിൽ തന്നെ ഇന്ത്യയിലേക്കുള്ള താരിഫ് നമുക്ക് ഉയർത്താൻ സാധിക്കും,” ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ പ്രതികരണം…
എന്നാൽ അമേരിക്കയുടെ പുതിയ ഭീഷണിയിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിലവിൽ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25 ശതമാനം പിഴച്ചുങ്കം ഉൾപ്പെടെ 50 ശതമാനം തീരുവയാണ് ഇന്ത്യൻ ഉല്പ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കൻ സമ്മർദ്ദം മൂലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ട്രംപ് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു.
Content Highlights
– Trump approves bill for 500% tariffs on Russian oil buyers
– Lindsay Graham reveals Trump’s green signal for Russia sanctions bill
– Bill targets China, India, Brazil for buying Russian oil
– Voting scheduled for next week
– Aims to punish countries helping Russia in Ukraine war
– Trump continues threats against India over Russian oil
– Currently 50% tariff including 25% penalty on Indian products
– India yet to respond to new American threats
– Trump claims Modi knows he’s not happy
– Says keeping him happy is important for India




















































