തിരുവനന്തപുരം | 10, ജനുവരി | 2026
ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരർ രാജീവരുടെ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്ന് വ്യക്തമാക്കി. അവനവന് അർഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ എന്നും പ്രതികരിച്ച് വിവാദം ഉണ്ടാക്കാൻ താനില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഈ സീസണിൽ ശബരിമലയിലെ തന്ത്രി രാജീവര് അല്ല എന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൻ ആളല്ലെന്നും കെ ജയകുമാർ വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസ് വലിയ ചർച്ചയായതിന് പിന്നാലെയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ബോർഡ് അംഗങ്ങളും അറസ്റ്റിലായതിന് പിന്നാലെയാണ് ശബരിമല തന്ത്രി കണ്ഠരർ രാജീവര് ഇന്നലെ അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരർ മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
Content Highlights: Travancore Devaswom Board President K Jayakumar refuses to comment on Sabarimala tantri Kanthararu Rajeevaru’s arrest in gold heist case; says current season tantri is not Rajeevaru; former board president and members already arrested in case




















































