പത്തനംതിട്ട | 11, ജനുവരി | 2026
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്ന് അതിജീവിതയുടെ മൊഴി. സൗന്ദര്യവർധക വസ്തുക്കൾ മുതൽ ഫ്‌ളാറ്റുവരെ രാഹുൽ പലതവണയായി യുവതിയിൽ നിന്ന് വാങ്ങുകയും ആവശ്യപ്പെട്ടതായും യുവതി പൊലീസിൽ മൊഴി നൽകി.
പുറത്ത് യാത്ര ചെയ്യുന്നതുകൊണ്ട് സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നും ബ്രാൻഡ് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട രാഹുൽ പിന്നീട് അത് വാങ്ങിക്കൊടുക്കാൻ പറയുകയായിരുന്നു. ഇത് പ്രകാരം ബ്ലൂ കളറിലുള്ള ഫോസിലിന്റെ വാച്ചും ഷാംപുവും കണ്ടീഷണറും സൺസ്‌ക്രീനും ഓൺലൈനിലൂടെ വാങ്ങിക്കൊടുക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
10,000 രൂപ ചെരുപ്പ് വാങ്ങാൻ അയച്ചുകൊടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആഹാരം പോലും കഴിക്കാൻ പണമില്ലെന്ന് പറഞ്ഞ് 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ച് നൽകാൻ ഫെന്നി നൈനാൻ ആവശ്യപ്പെട്ടത് പ്രകാരം ചെയ്തുവെന്നും മൊഴി.
എംഎൽഎ ആയപ്പോൾ പാലക്കാട് ഫ്‌ളാറ്റ് വാങ്ങണമെന്നും ഒന്നിച്ചുതാമസിക്കാമെന്നും രാഹുൽ യുവതിയോട് പറഞ്ഞു. തന്റെ കയ്യിൽ കാശില്ലായെന്നും നിലവിൽ ബിൽടെക് സമ്മിറ്റ് ഫ്‌ളാറ്റിൽ താമസിക്കുന്നതിനാൽ വിലകുറച്ച് വാങ്ങിക്കാമെന്നും രാഹുൽ പറഞ്ഞതായാണ് മൊഴി.
ഫ്‌ളാറ്റിന്റെ പ്രൊപ്പോസൽ തനിക്ക് അയച്ച് തന്നു. 2 ബിഎച്ച്‌കെ പോരെയെന്നും 3 ബിഎച്ച്‌കെ വേണോ എന്നും താൻ രാഹുലിനോട് ചോദിച്ചു. അത് വേണമെന്ന് രാഹുൽ പറയുകയും ഒരാളുടെ നമ്പർ അയച്ച് നൽകുകയുമായിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോൾ ഒരുകോടി 14 ലക്ഷം ആവുമെന്ന് പറഞ്ഞു. അത്രയും പണമില്ലാത്തതിനാൽ അത് വിട്ടുവെന്നും യുവതി മൊഴി നൽകി.
അതിജീവിത നൽകിയ മൊഴിയിൽ ചൂരൽമലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ചും പരാമർശമുണ്ട്. ഫെന്നി നൈനാനെ അടക്കം പരാമർശിക്കുന്നതാണ് അതിജീവിതയുടെ മൊഴി. ചൂരൽമലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് നൽകിയെന്നാണ് എഫ്‌ഐആറിൽ ഉള്ളത്.
Content Highlights: Survivor alleges Rahul Mankootathil financially exploited her from sunscreen to 3 BHK flat; asked for cosmetics, watch, shoes worth thousands; claimed hunger during Palakkad by-poll and took Rs 10,000; proposed buying Rs 1.14 crore flat in Palakkad for living together; Rs 5,000 sent to Fenni Nainan’s account for Churalmala fund collection




















































