വാഷിംഗ്ടൻ/ടെഹ്‌റാൻ | 10, ജനുവരി | 2026
ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമാകുമ്പോൾ സമരക്കാരെ പിന്തുണച്ച് അമേരിക്ക. പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്ന് കഴിഞ്ഞയാഴ്ച തന്നെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. “സമരക്കാർക്ക് നേരെ നിങ്ങൾ വെടിവച്ചാൽ ഞങ്ങളും വെടിപൊട്ടിക്കും,” എന്നാണ് ഇപ്പോൾ ട്രംപിന്റെ ഭീഷണി.
ഇറാനിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഇറാന് താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നത്. ഇതോടെ അമേരിക്ക കളത്തിലിറങ്ങിയാൽ ഇസ്രയേലിൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാനും രംഗത്തെത്തി.
തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രൂപംകൊണ്ട പ്രതിഷേധം കനക്കുന്നതിനിടെയാണ് അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ രംഗത്ത് വന്നിരിക്കുന്നത്.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് ഇറാനിൽ ഇപ്പോൾ സർക്കാരിനെതിരെ സംഭവിക്കുന്നത്. പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ നടപടിയെടുത്താൽ ഇടപെടുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. രാജ്യത്തെ പ്രതിഷേധം ആളിക്കത്തിക്കുന്നതിന് പിന്നിൽ യുഎസ് ആണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്ക സൈനികനടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഇസ്രയേലിലെ സൈനിക ഷിപ്പിങ് കേന്ദ്രങ്ങളും അമേരിക്കൻ താവളങ്ങളും തകർക്കപ്പെടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘാലിബാഫ് പറഞ്ഞു.
ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേർത്തു. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്പീക്കർ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ ഖാലിബാഫ്.
പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ നീക്കങ്ങളിൽ 116 പേർ ഇതുവരെ മരിച്ചുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റർനെറ്റ് വിലക്കിയിരിക്കുന്നതിനാൽ രാജ്യത്തുനിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നില്ല. ഇതുവരെ 2,600ൽ അധികം ജനങ്ങളെ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്.
അതേസമയം മുൻപെങ്ങുമില്ലാത്തവിധം ഇറാൻ സ്വാതന്ത്ര്യത്തിന് അടുത്തുനിൽക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ട്രംപിനോട് കളിക്കാൻ നിൽക്കരുതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ട്രംപ് എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം അദ്ദേഹം അത് ഉദ്ദേശിക്കുന്നുണ്ടെന്നാണെന്നും സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഇന്റർനെറ്റ് വിലക്കിയെങ്കിലും സ്റ്റാർലിങ്ക് ഉപഗ്രഹ ട്രാൻസ്മിറ്ററുകൾ വഴി ഓൺലൈനിലൂടെ വിഡിയോകൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇറാന്റെ രണ്ടാമത്തെ വലിയ നഗരമായ മഷാദിൽനിന്ന് പുറത്തുവന്ന വിഡിയോയിൽ സുരക്ഷാ സേനയെ എതിർക്കുന്ന പ്രതിഷേധിക്കാരെ കാണാം.
അതേസമയം ഇറാനിൽ യുഎസിന്റെ സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത വർധിച്ചതോടെ ഇസ്രയേലും അതീവ ജാഗ്രതയിലാണ്. ശനിയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇറാനിൽ യുഎസ് നടത്തിയേക്കാവുന്ന സൈനിക ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
യുഎസ് ഇറാനെ ആക്രമിച്ചാൽ ഇറാൻ ഇസ്രയേലിനെതിരെ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Trump warns will shoot back if Iran fires on protesters; Iran threatens to destroy US bases in Israel if attacked; parliament speaker calls Trump delusional; 116 dead in crackdown, over 2600 detained; internet blocked but Starlink videos emerge; Israel on high alert; Netanyahu-Rubio discuss potential US military intervention




















































