കൊച്ചി | 14, ജനുവരി | 2026
സോഷ്യൽ മീഡിയയിൽ എപ്പോൾ വേണമെങ്കിലും ആരും ‘എയറിലാകാം’ എന്നതിന്റെ പുതിയ ഉദാഹരണമാണ് നടി മമിത ബൈജു എന്ന് നടൻ രമേഷ് പിഷാരടി. വിജയ് ചിത്രം ‘ജനനായകന്റെ’ പ്രീ റിലീസ് വേദിയിൽ മമിത പാടിയ ‘നാളെ നാളെ’ എന്ന ഗാനം ട്രോളുകളിൽ നിറഞ്ഞതിനെ കുറിച്ച് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എന്ത് വൈറലാകും, എന്ത് വൈറലാകില്ല എന്ന് നമുക്ക് ഒരിക്കലും മുൻകൂട്ടി പറയാൻ കഴിയില്ല. വൈറലാകാൻ വേണ്ടി പലരും ചെയ്യുന്നതൊന്നും ശ്രദ്ധിക്കപ്പെടാറില്ല, എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാകും അപ്രതീക്ഷിതമായി എയറിൽ പോകുന്നത്. ഇത്രയും വലിയ സിനിമയിൽ പ്രധാന വേഷം ചെയ്ത മമിത ബൈജു പോലും സ്വപ്നത്തിൽ വിചാരിച്ചു കാണില്ല തന്റെ പാട്ട് ഇത്രത്തോളം ചർച്ചയാകുമെന്ന്. ഏത് നിമിഷമാണ് നമ്മൾ ഒരു സ്റ്റിക്കറായി മാറുന്നതെന്ന് പറയാനാകില്ല” – പിഷാരടി തനതായ ശൈലിയിൽ പറഞ്ഞു.
സ്വന്തം കരിയറിലെ അനുഭവങ്ങളും പിഷാരടി പങ്കുവെച്ചു. ‘നല്ലവനായ ഉണ്ണി’ എന്ന സിനിമയിൽ വെറും രണ്ട് ദിവസം മാത്രമാണ് താൻ അഭിനയിച്ചത്. എന്നാൽ ആ വേഷം ട്രോളുകളിൽ നിറഞ്ഞതോടെ പിന്നീട് ജീവിതത്തിൽ ഷർവാണി ഇടാൻ പോലും കഴിയാത്ത അവസ്ഥയായെന്നും പിഷാരടി തമാശരൂപേണ കൂട്ടിച്ചേർത്തു. ‘ഭീഷ്മപർവ്വം’ സിനിമയിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും ഇത്തരത്തിൽ അപ്രതീക്ഷിതമായി തരംഗമായതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിജയ് ചിത്രം ‘ജനനായകൻ’ റിലീസിന് തയ്യാറെടുക്കവെ മമിതയുടെ പാട്ട് തമിഴ്-മലയാളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകളാണ് പുറത്തുവന്നത്.
Content Highlights:
Ramesh Pisharody talks about Mamitha Baiju’s viral song ‘Nale Nale’ at the Jananayakan event. He shares his views on social media trends and how his own character ‘Nallavanaya Unni’ became a subject of endless trolls.




















































