ആലപ്പുഴ | 17, ജനുവരി | 2026.
താൻ കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേരുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോൺ ബ്രിട്ടാസ് ഫാൻസ് ഗ്രൂപ്പ്’ എന്നീ ഫേസ്ബുക്ക് പേജുകൾക്കെതിരെ കേസെടുത്തത്. പരാതിയിൽ പോലീസ് ഷാനിമോളുടെ മൊഴി രേഖപ്പെടുത്തി.
മുൻ എം.എൽ.എ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഷാനിമോൾ ഉസ്മാൻ പാർട്ടി വിടുമെന്ന പ്രചരണം ശക്തമായത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നുവെന്നും മന്ത്രി പി. രാജീവുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചുവെന്നുമായിരുന്നു പ്രചരണം. എന്നാൽ ഇത്തരം വാർത്തകളെ പൂർണ്ണമായും തള്ളിയ ഷാനിമോൾ, മരണം വരെ താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് വ്യക്തമാക്കി.
വ്യാജപ്രചരണത്തിന് പിന്നിൽ സി.പി.ഐ.എം ആണെന്നും പാർട്ടിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ഷാനിമോൾ വിമർശിച്ചു. ഐഷ പോറ്റി പാർട്ടി വിടുമ്പോൾ വർഗ്ഗവഞ്ചകരാകുന്നവർ, സരിനും ശോഭനാ ജോർജും സി.പി.ഐ.എമ്മിൽ എത്തുമ്പോൾ എങ്ങനെയാണ് അത് അംഗീകരിക്കുന്നതെന്ന് അവർ ചോദിച്ചു. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കർശന നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഷാനിമോളുടെ തീരുമാനം.
Content Highlights
Case registered against Facebook pages ‘John Brittas Fans’ and ‘Communist Kerala’ on Shanimol Usman’s complaint.
Alappuzha South Police took action against false propaganda regarding her joining CPIM.
Shanimol clarifies she will remain a Congress member until death and denies talks with P. Rajeeve or the CM.
The Congress leader accuses CPIM of spreading fake news as a retaliatory move after Aisha Potty joined Congress.
Criticizes CPIM’s double standards regarding leaders switching parties.




















































