മുംബൈ | 24, ജനുവരി | 2026
മുംബൈ: ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മിന്നും വിജയം. കിവികൾ ഉയർത്തിയ 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം കേവലം 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും ഓപ്പണർ ഇഷാൻ കിഷന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷനാണ് പ്ലെയർ ഓഫ് ദി മാച്ച്. 11 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്സ്. പരിക്കിന് ശേഷം രാജകീയ തിരിച്ചുവരവ് നടത്തിയ നായകൻ സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താകാതെ 82 റൺസ് നേടി. ഒമ്പത് ഫോറുകളും നാല് സിക്സറുകളുമാണ് സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നത്. അവസാന ഓവറുകളിൽ 18 പന്തിൽ 36 റൺസുമായി ശിവം ദുബൈ സൂര്യയ്ക്ക് മികച്ച പിന്തുണ നൽകി.
മത്സരശേഷം ഇന്ത്യയുടെ ബാറ്റിംഗ് മികവിനെ ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ പ്രശംസിച്ചു. ഇന്ത്യയെപ്പോലൊരു ടീമിനെതിരെ 200-210 റൺസ് അടിച്ചാൽ മാത്രം പോരെന്നും, ബോളിംഗിലും ഫീൽഡിംഗിലും തങ്ങൾ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും സാന്റ്നർ പറഞ്ഞു. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 208 റൺസ് നേടിയിരുന്നെങ്കിലും ഇന്ത്യൻ ബാറ്റിംഗ് കരുത്തിന് മുന്നിൽ അത് നിഷ്പ്രഭമാകുകയായിരുന്നു.
Content Highlights
India secures a 7-wicket victory against New Zealand in the 2nd T20I.
Ishan Kishan wins Player of the Match for his explosive 76 off 32 balls.
Captain Suryakumar Yadav makes a stunning comeback with an unbeaten 82*.
Shivam Dube’s quickfire 36* helps India chase down 209 in just 15.2 overs.
NZ Captain Mitchell Santner admits 200+ totals are insufficient against India’s batting lineup.




















































