ഇടുക്കി | 14, ഫെബ്രുവരി | 2026
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത് തനിക്ക് സന്തോഷമുണ്ടാക്കിയെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി പറഞ്ഞത് സുഖിച്ചുവെന്നും അതിൽ അച്ചടക്ക ലംഘനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോസ് കെ. മാണിയിൽ നിന്ന് മൈക്ക് വാങ്ങി റോഷി അഗസ്റ്റിൻ നടത്തിയ പ്രഖ്യാപനം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പാർട്ടി ചെയർമാൻ രംഗത്തെത്തിയത്.
റോഷി അഗസ്റ്റിനും താനും തമ്മിൽ സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും മൈക്ക് തട്ടിപ്പറിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജോസ് കെ. മാണി പറഞ്ഞു. അത്തരത്തിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം റോഷിക്ക് നൽകിയിട്ടുണ്ട്. പാർട്ടി ചെയർമാൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ടാകാം. എന്നാൽ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. താൻ മത്സരിക്കണമെന്ന് തനിക്ക് തന്നെ പറയാൻ കഴിയില്ലെന്നും പാർട്ടി തീരുമാനത്തിന് അനുസരിച്ചായിരിക്കും മുന്നോട്ട് പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ശോഭ കെടുത്താനായി മനഃപൂർവം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ജോസ് കെ. മാണി ആരോപിച്ചു. പാർട്ടിയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനത്തിന് പിന്നാലെയാണ് പാർട്ടി സഞ്ചരിക്കുന്നത്. അതേസമയം, ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് റോഷി അഗസ്റ്റിനും പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: Jose K Mani clarifies that Minister Roshy Augustine’s statement about his candidacy in Pala was welcoming and not a breach of discipline.




















































