തിരുവനന്തപുരം | 19, ഫെബ്രുവരി | 2026
വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സർക്കാർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണമാണ് സിനിമയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ ജീവിക്കാൻ സാഹചര്യമില്ലെന്ന് വരുത്തിത്തീർക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും എന്നാൽ എത്ര സ്റ്റോറികൾ വന്നാലും ഇവിടെ അതൊന്നും ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷതയിലും വികസന നേട്ടങ്ങളിലും അസൂയയുള്ളവരാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. “കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേപോലെ തന്നെ പോകും,” അദ്ദേഹം പരിഹസിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളെ കേരളം അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ കാണണമെന്നും നാടിന്റെ സമാധാനത്തിൽ വിഷം കലക്കുന്നവരാണ് ഇത്തരം സൃഷ്ടികൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബീഫ് എന്ന പേരുള്ള ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്ന കാലത്ത്, വിദ്വേഷം പടർത്തുന്ന സിനിമകൾക്ക് അനുമതി ലഭിക്കുന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു.
ഫെബ്രുവരി 27-ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിലെ ചില രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ പരിഹസിച്ചാണ് മലയാളികൾ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: Ministers V. Sivankutty and Saji Cherian slam ‘The Kerala Story 2’, terming it a hate campaign ahead of elections. CM Pinarayi Vijayan also expressed concerns over the film’s intent to defame Kerala.




















































