ന്യൂഡൽഹി | 22, ജനുവരി | 2026
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ ആഹ്വാനം. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം വിളിച്ചുചേർത്ത ആദ്യ ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
എംപിമാർ സ്വന്തം മണ്ഡലങ്ങളിലെ ബൂത്തുകൾ നേരിട്ട് സന്ദർശിക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന തരത്തിലുള്ള അനുകൂല തരംഗമുണ്ടെന്നും യോഗം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടി നേടിയ വിജയം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുമെന്ന് മുൻ അധ്യക്ഷൻ ജെ.പി നദ്ദയും യോഗത്തിൽ സൂചിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ജനുവരി 20) ബിജെപി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 45-കാരനായ നിതിൻ നബീൻ അധ്യക്ഷനായി ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. ബിജെപി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായ നിതിൻ നബീൻ, ബിഹാറിൽ നിന്നുള്ള അഞ്ച് തവണ എംഎൽഎയും മുൻ മന്ത്രിയുമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുക എന്ന വലിയ ദൗത്യമാണ് യുവനേതാവിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
Content Highlights: BJP National President Nitin Nabin directs strengthening of booth-level operations for upcoming state elections including Kerala and Tamil Nadu.




















































