തിരുവനന്തപുരം | ജനുവരി 3, 2026
തിരുവനന്തപുരം: ഇടതുമുന്നണിയിലെ അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് വിടണമെന്ന ആവശ്യം ആർ.ജെ.ഡിയിൽ (RJD) ശക്തമാകുന്നു. തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിൽ നാല് ജില്ലാ കമ്മിറ്റികളാണ് മുന്നണി വിട്ട് യു.ഡി.എഫിലേക്ക് പോകണമെന്ന നിലപാട് പരസ്യമായി സ്വീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലാ കമ്മിറ്റികളാണ് ഈ ആവശ്യം ഉന്നയിച്ചത്.
ശ്രേയാംസ് കുമാറിന്റെ അതൃപ്തി
മുന്നണി മാറ്റം എന്ന ആവശ്യത്തിന് യോഗത്തിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിലും, എൽ.ഡി.എഫിൽ തുടരുന്നത് പാർട്ടിയുടെ നിലനിൽപ്പിന് ഗുണകരമല്ലെന്ന സൂചനയാണ് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ നൽകിയത്. “ഇവിടെ നിന്നാൽ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കണ്ട” എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം പ്രാദേശികമായി കാലുവാരിയെന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം നേരത്തെയും ആരോപിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷനിലടക്കം ആർ.ജെ.ഡിക്ക് പ്രാതിനിധ്യം ഇല്ലാതായത് വലിയ തിരിച്ചടിയായാണ് നേതൃത്വം കാണുന്നത്.
നേതാക്കൾക്കിടയിൽ ഭിന്നത
സംസ്ഥാന സെക്രട്ടറിമാരായ എൻ.കെ. വത്സൻ, യൂജിൻ മൊറോളി എന്നിവർ മുന്നണി മാറ്റത്തെ അനുകൂലിച്ചപ്പോൾ, നീലലോഹിതദാസൻ നാടാർ, കെ.പി. മോഹനൻ, സലീം മടവൂർ, മനയത്ത് ചന്ദ്രൻ, സബാഹ് പുൽപ്പറ്റ തുടങ്ങിയ മുതിർന്ന നേതാക്കൾ ഇതിനെ ശക്തമായി എതിർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള മുന്നണി മാറ്റം പാർട്ടിയുടെ അടിത്തറ തകർക്കുമെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇതോടെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിച്ചില്ല.
അടുത്ത നീക്കം എന്ത്?
ഘടകകക്ഷികളെ സി.പി.ഐ.എം അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ആർ.ജെ.ഡിയിലുണ്ടായ ഈ നീക്കം ഇടതുമുന്നണിയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തൽക്കാലം മുന്നണി വിടില്ലെന്ന് ഔദ്യോഗികമായി പറയുമ്പോഴും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പാർട്ടിക്ക് നിർണ്ണായകമാകും.
Content Highlight: A section of RJD leaders in Kerala, including four district committees, demanded to leave the LDF and join the UDF. State President M.V. Shreyams Kumar expressed dissatisfaction with the LDF, stating that the party shouldn’t expect much from the current alliance. However, senior leaders like K.P. Mohanan opposed the move, fearing it would weaken the party’s base.




















































