തിരുവനന്തപുരം | 26, ഡിസംബർ | 2025
മുഖ്യമന്ത്രി സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ശബരിമല സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ AI നിർമിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ പുറത്തുവിട്ട ചിത്രം കയ്യിൽ കിട്ടിയിട്ട് രണ്ടുമാസമായെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. “പോറ്റി സോണിയാ ഗാന്ധിയെ കണ്ടതിൽ മുഖ്യമന്ത്രിക്ക് സംശയം തോന്നിയെങ്കിൽ ഒന്നാം പ്രതിയും അന്ന് മന്ത്രിയായിരുന്ന കടകംപള്ളിയും പൊലീസും എന്ത് ചർച്ച ചെയ്തു എന്നതും അന്വേഷിക്കണം. ചിത്രത്തിലുള്ള മൂന്നുപേരും എന്തിനാണ്, എവിടെയാണ് ഒത്തുകൂടിയത് എന്നത് വ്യക്തമാക്കണം,” എന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വ്യക്തത വരുത്തണം
പൊതുപ്രവർത്തകരെ ആരെങ്കിലും വന്ന് കാണുന്നത് തെറ്റല്ലെന്നും എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. “ആരുടെയും സ്വഭാവം അന്വേഷിച്ചിട്ടല്ല അപ്പോയിന്റ്‌മെന്റ് കൊടുക്കുന്നത്. പഞ്ചായത്ത് മെമ്പർമാർ പോലും രണ്ട് ആംബുലൻസ് ഉണ്ടെങ്കിലേ ഉദ്ഘാടനത്തിൽ പങ്കെടുക്കൂ. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഒരു ആംബുലൻസ് ആണ് കൈമാറിയത്. ആരാണ് മുഖ്യമന്ത്രിയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഇക്കാര്യങ്ങളിൽ അദ്ദേഹം വ്യക്തത വരുത്തണം,” എന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
“പൊലീസ് ഉദ്യോഗസ്ഥനും മന്ത്രിയുമെല്ലാം ഇരുന്ന് ചർച്ച നടത്തുന്നത് അസ്വാഭാവികതയാണ്. ഒന്നാം പ്രതിയും പൊലീസ് ഉദ്യോഗസ്ഥനും മന്ത്രിയും ഒത്തുകൂടിയത് എന്തിനാണ്?” എന്ന് ഷിബു ബേബി ജോൺ ചോദിച്ചു.
കടകംപള്ളി-പോറ്റി ഫോട്ടോ വിവാദം
കഴിഞ്ഞ ദിവസമാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. “ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?” എന്ന് ഷിബു ബേബി ജോൺ ചോദിച്ചിരുന്നു.
“പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണം പമ്പ കടന്നുപോയത്. എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്? കൂടെ ഇരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം?” എന്ന് ഷിബു ബേബി ജോൺ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഫോട്ടോ വിവാദങ്ങൾ രാഷ്ട്രീയ വാക്പോരിനും പൊലീസ് നടപടികൾക്കും ഇടയാക്കിയിരിക്കുകയാണ്.
Content Highlights: Shibu Baby John says CM stooped to cyber goon level, criticizes custody of N Subramanian, demands investigation into Potti-Kadakampally-police meeting, questions CM’s participation in ambulance handover ceremony, raises suspicions about Sabarimala gold heist connections




















































