പാലക്കാട് I ഡിസംബർ 12, 2025
ലൈംഗികാരോപണ കേസുകളിൽ ആരോപണവിധേയരായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ, സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവർക്കെതിരെ ശക്തമായ വിമർശനവുമായി ഡോക്ടർ സൗമ്യ സരിൻ. ഇടതുപക്ഷമായാലും വലതുപക്ഷമായാലും ക്രിമിനലുകൾക്കും പീഡകർക്കും യാതൊരു വ്യത്യാസവുമില്ലെന്ന് സൗമ്യ സരിൻ അഭിപ്രായപ്പെട്ടു. ഇവരുടെ രൂപത്തിലും ഭാവത്തിലും മാത്രമേ വ്യത്യാസമുള്ളൂ എന്നും, രണ്ടും ഒന്നുതന്നെയാണെന്നും സൗമ്യ സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശക്തമായ നിയമനടപടി വേണം
രാഹുൽ മാങ്കൂട്ടത്തിലിന്റെയും പി.ടി. കുഞ്ഞുമുഹമ്മദിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സൗമ്യയുടെ വിമർശനം. ഇവരെപ്പോലുള്ളവരെ താങ്ങുകയും പിന്തുണക്കുകയും ചെയ്യുന്നവരും ‘വിഷം പേറുന്നവരാണെന്ന്’ സൗമ്യ പോസ്റ്റിൽ കുറിച്ചു.
ഏത് രാഷ്ട്രീയ പാർട്ടിയിലുള്ളവരായാലും ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പും ആവശ്യമാണ്. കേരള സർക്കാരും നിയമ സംവിധാനവും അത് കാണിക്കുമെന്നും സൗമ്യ സരിൻ കൂട്ടിച്ചേർത്തു.
‘No difference between criminals and abusers, whether Left or Right’: Dr. Soumya Sarin slams Rahul Mankuttathil and P T Kunju Mohammed.




















































