ന്യൂസ് ഡെസ്ക് | Wednesday, 3rd December 2025.
ബലാത്സംഗ കേസിൽ പ്രതിരോധത്തിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കേരളം വിട്ട വഴിയെക്കുറിച്ച് പോലീസിന് കൂടുതൽ വ്യക്തത ലഭിച്ചു. ഇദ്ദേഹം തമിഴ്‌നാട്ടിലേക്ക് കടന്നത് പാലക്കാട് കൊഴിഞ്ഞാമ്പാറ വഴിയാണ്. ചുവന്ന പോളോ കാറിൽ പാലക്കാട്ടെ കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ നിന്ന് പുറപ്പെട്ട രാഹുൽ, ഒരു സുഹൃത്തിന്റെ സഹായത്തോടെ കൊഴിഞ്ഞാമ്പാറ വഴി തമിഴ്‌നാട് അതിർത്തിയിലെത്തി.
കാർ ഉപേക്ഷിച്ചത് സിസിടിവി ഇല്ലാത്ത വഴിയിൽ
നടുപ്പുണി എത്തുന്നതിന് മുൻപ് സിസിടിവി കാമറകൾ ഇല്ലാത്ത ഒരു വഴിയിൽ വെച്ച് രാഹുൽ പോളോ കാർ ഉപേക്ഷിച്ചു. സുഹൃത്തുക്കളുടെ സഹായം ലഭിച്ചാണ് രാഹുൽ കേരളം വിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പോലീസ് നടപടി
കാർ ഉടമയെ ചോദ്യം ചെയ്തു. പോളോ കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഫോണിൽ വിളിച്ചു സംസാരിച്ചു. രാഹുൽ തന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് കാർ നൽകിയതെന്നാണ് നടി പോലീസിനെ അറിയിച്ചത്. കാർ കൈമാറിയതിൽ കൂടുതൽ ദുരൂഹതയില്ലെന്ന് വിലയിരുത്തുന്നതിനാൽ നടിയെ ഉടൻ നേരിട്ട് ചോദ്യം ചെയ്യില്ല.
ഈ പോളോ കാറിൽ അധികദൂരം സഞ്ചരിച്ചില്ലെന്നാണ് കണ്ടെത്തൽ. ഈ കാർ ഉപേക്ഷിച്ച ശേഷമാണ് രാഹുൽ മറ്റ് വാഹനങ്ങളിൽ മാറി സഞ്ചരിച്ച് കർണാടകയിലേക്ക് കടന്നത്.
പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട് രാഹുലിനെതിരെ കുരുക്ക്
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടിയായി പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. യുവതിയുടെ വൈദ്യപരിശോധനയിൽ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായി ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതാവാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. യുവതിയുടെ മൊഴി ഈ റിപ്പോർട്ട് ശരിവെയ്ക്കുന്നുണ്ട്. ഈ നിർണായക റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
ഹൈക്കമാൻഡ് സമ്മർദത്തിൽവേണുഗോപാൽ കേരളത്തിലേക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളിലും വിവാദങ്ങളിലും കോൺഗ്രസ് ഹൈക്കമാൻഡ് സമ്മർദത്തിലായി. വിഷയം ദേശീയ തലത്തിൽ ബിജെപി ആയുധമാക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ചർച്ചകളിൽ ഹൈക്കമാൻഡിനെ വലിച്ചിഴച്ചതിൽ അതൃപ്തിയും പുകയുന്നു.
വിഷയത്തിൽ എത്രയും വേഗം തുടർനടപടികൾ എടുക്കാൻ ഹൈക്കമാൻഡ് കേരള ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ കേരളത്തിൽ എത്തി നേതാക്കളുമായി സംസാരിക്കും.
കെപിസിസിക്ക് നൽകിയ പരാതിഅന്വേഷണം ഊർജ്ജിതം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകിയ പെൺകുട്ടിയെ കണ്ടെത്താനും പോലീസ് നീക്കം തുടങ്ങി. കെപിസിസി പ്രസിഡന്റ് കൈമാറിയ പരാതിയിലെ ഇമെയിൽ വിലാസം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഈ പെൺകുട്ടി മൊഴി നൽകാൻ തയ്യാറായാൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും. ഈ പരാതി ഉടൻ ഡിജിപി എഡിജിപിക്ക് കൈമാറുകയും തുടർന്ന് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ കോടതിയിൽ ഉന്നയിക്കുകയും ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് കോടതിയെ ധരിപ്പിക്കാനാണ് പോലീസ് നീക്കം.




















































