തിരുവനന്തപുരം | 10, ജനുവരി | 2026
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ ഇന്ന് പരിശോധനക്കെത്തി എസ്ഐടി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പോറ്റി-തന്ത്രി സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി.
സാമ്പത്തിക ഇടപാടുകളുടെ രേഖകളുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടത്തുന്നത്. മൂന്ന് മണിയോടെയാണ് എസ്ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും എസ്ഐടി പുറത്താക്കി. അതിനിടെ വീട്ടിലേക്ക് എത്തിയ തന്ത്രി കണ്ഠര് രാജീവരുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. അഭിഭാഷകയായ മരുമകളെ വീടിന് മുന്നിൽ നിന്നും പോലീസ് മടക്കി അയച്ചു.
അതേസമയം തന്ത്രി കണ്ഠരര് രാജീവരെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ കണ്ഠരർ രാജീവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്ന് സ്പെഷ്യൽ സബ് ജയിലിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നാലെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് വിശദ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Content Highlights SIT raids tantri Kanthararu Rajeevaru’s Chengannur house in Sabarimala gold heist case; search for financial transaction records between Potty and tantri; daughter-in-law turned away from house; tantri admitted to medical college ICU with high blood pressure




















































