പാലക്കാട് | 23, ജനുവരി | 2026
പാലക്കാട്: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് പാലക്കാട് കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് ജീവനൊടുക്കി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് ലോൺ ആപ്പ് വഴി നടന്ന ക്രൂരമായ ഭീഷണികളെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിക്കുന്നത്.
’റുബിക് മണി’ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ നിന്നാണ് അജീഷ് 6000 രൂപ വായ്പയെടുത്തത്. ആഴ്ചയിൽ ആയിരം രൂപ വീതം തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ വാട്സാപ്പ് വഴി ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങി. അജീഷിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ജോലിസ്ഥലത്ത് വന്ന് അപമാനിക്കുമെന്നും ഇവർ സന്ദേശമയച്ചിരുന്നു.
അജീഷ് മരിച്ചതിന് ശേഷവും ഇതേ നമ്പറുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങളും അശ്ലീല ദൃശ്യങ്ങളും വന്നുകൊണ്ടിരുന്നതായി സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഇത് കണ്ടപ്പോഴാണ് മരണകാരണം ലോൺ ആപ്പ് ഭീഷണിയാണെന്ന് വ്യക്തമായത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടരുതെന്ന് അജീഷിന്റെ കുടുംബം പറഞ്ഞു.
Content Highlights
Youth commits suicide in Palakkad following threats from an online loan app.
Ajeesh, a native of Kanjikode, reportedly borrowed Rs 6,000 from the ‘Rubik Money’ app.
Accused threatened to circulate morphed obscene images to his contacts after repayment was delayed.
Family discovered the threat after checking his phone post-death; harassment continued even after his demise.
Police have initiated an investigation into the cyber fraud and blackmailing case.




















































