തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതിയും മുൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്യുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഉടൻ സമൻസ് അയയ്ക്കും.
ദ്വാരപാലക ശില്പത്തിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതിലൂടെ നടന്ന അഴിമതിയിലും ഇതിലൂടെയുണ്ടായ സാമ്പത്തിക നേട്ടത്തെക്കുറിച്ചുമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇ.ഡി നേരത്തെ ആരംഭിച്ചിരുന്നു. സ്വർണ്ണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിന് അയച്ചതിൽ മുരാരി ബാബുവിന് നിർണ്ണായക പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ ഇ.ഡിക്ക് ലഭിച്ച രേഖകളിലും ഇക്കാര്യം വ്യക്തമാണ്.
ദ്വാരപാലക ശില്പം, ശ്രീകോവിലിന്റെ കട്ടിളപ്പാളി എന്നിവയിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് ഇന്നലെ ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും, പുറത്തിറങ്ങിയ ഉടൻ കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യലിലേക്ക് നീങ്ങുന്നത് കേസിൽ നിർണ്ണായകമാകും.
Content Highlights
ED to question former Devaswom AO Murari Babu in the Sabarimala gold theft case.
Move comes immediately after Murari Babu secured bail in SIT registered cases.
ED suspects financial laundering and has initiated proceedings to seize his assets.
Critical documents showing gold plates were falsely recorded as copper were recovered by ED.
Murari Babu was released from jail last night after 90 days of custody as the charge sheet was not filed.




















































