ഇംഫാൽ | 10, ഫെബ്രുവരി | 2026
മണിപ്പൂരിലെ ഉഖ്‌റൂൽ ജില്ലയിൽ കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷത്തെത്തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരുവിഭാഗങ്ങളുടേതുമായി ഏകദേശം അൻപതോളം വീടുകൾ അഗ്നിക്കിരയായി. സംഘർഷം വ്യാപിക്കാതിരിക്കാൻ ഉഖ്‌റൂലിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലയായ ഉഖ്‌റൂലിൽ യുവാക്കൾ തമ്മിലുണ്ടായ നിസ്സാര തർക്കമാണ് വലിയ രീതിയിലുള്ള അക്രമത്തിലേക്ക് വഴിമാറിയത്. മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് നിലവിൽ നേരിയ ശമനമുണ്ടെങ്കിലും പ്രദേശം ഇപ്പോഴും യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്. പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരാൻ പോലീസ് നിർദ്ദേശം നൽകി.
ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി വൻതോതിൽ കേന്ദ്രസേനയെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.
Content Highlights
- Tension prevails in Manipur’s Ukhrul district following ethnic clashes between Kuki and Naga communities.
- Around 50 houses were set on fire during the two-day-long violence.
- Prohibitory orders (Section 144) clamped in Ukhrul to maintain law and order.
- Massive deployment of central forces in the district to control the situation.
- The violence reportedly started from a minor scuffle between Kuki and Naga youths.




















































