കോഴിക്കോട്: ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസിലെ ഡ്രൈവർ മദ്യലഹരിയിൽ വാഹനമോടിച്ച സംഭവം യാത്രക്കാർ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ വെളിച്ചത്തായി. ഈ മാസം 24-ന് രാത്രിയായിരുന്നു സംഭവം.
മൈസൂർ-ബെംഗളൂരു പാതയിൽ വെച്ച് ഡ്രൈവർ അലക്ഷ്യമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഇടപെട്ട് ബസ് നിർത്തിക്കുകയായിരുന്നു. വാഹനം ഇടത്തോട്ടും വലത്തോട്ടും ട്രാക്ക് മാറി പോകുന്നത് കണ്ടാണ് ഡ്രൈവറെ ചോദ്യം ചെയ്തതെന്ന് ഒരു മലയാളി യാത്രക്കാരൻ പറഞ്ഞു.
ഡ്രൈവറുടെ സീറ്റിനടുത്ത് മദ്യക്കുപ്പിയുണ്ടായിരുന്നതായും യാത്രക്കാർ പറയുന്നു.
വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന ഡ്രൈവർ, “ഇനി ആരും രക്ഷപ്പെടേണ്ട, വണ്ടി ഇടിപ്പിക്കും” എന്ന് ഭീഷണിപ്പെടുത്തിയതായും യാത്രക്കാർ വെളിപ്പെടുത്തി. ക്ലീനർ സംഭവസമയത്ത് മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
ടോൾ എത്തിയപ്പോൾ ബസ് നിർത്തിയ ഉടൻ തന്നെ ഡ്രൈവർ മദ്യക്കുപ്പിയുമായി ഓടി രക്ഷപ്പെട്ടു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ബെംഗളൂരുവിൽ നിന്ന് മറ്റൊരു ഡ്രൈവർ എത്തിയാണ് ബസ് സർവീസ് തുടർന്നത്. എന്നാൽ, സംഭവത്തിൽ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.




















































