തിരുവനന്തപുരം | 23, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിഗൂഢമായ കൂടിക്കാഴ്ചകളെക്കുറിച്ചും എസ്ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. പോറ്റിയുമായി ഒരു തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഡിസംബർ 28-ന് നടന്ന ചോദ്യം ചെയ്യലിൽ, ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പോറ്റിയെ പരിചയമെന്നും സന്ദർശന വേളയിൽ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി മൊഴി നൽകിയിരുന്നു. എന്നാൽ, മന്ത്രി എന്ന നിലയിലല്ലാതെ രണ്ട് തവണ കടകംപള്ളി പോറ്റിയുടെ വീട്ടിൽ എത്തിയതായി മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകി. ഇതിൽ ഒരു തവണ പോലീസ് അകമ്പടിയോടെയാണ് എത്തിയതെന്നും സാക്ഷി വെളിപ്പെടുത്തി.
കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. 2019 കാലയളവിൽ ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോൾ എസ്ഐടി പ്രധാനമായും പരിശോധിക്കുന്നത്. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് കടകംപള്ളി സുരേന്ദ്രനെ വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Content Highlights
SIT refuses to give a clean chit to former Devaswom Minister Kadakampally Surendran in the Sabarimala gold theft case.
Investigation begins into alleged financial transactions between Kadakampally and accused Unnikrishnan Potti.
Witness statements contradict Kadakampally’s claim of meeting the accused only once.
Accused Potti reportedly confessed to giving gifts to the former minister.
SIT to re-interrogate Kadakampally regarding discrepancies in his initial statement.




















































