തിരുവനന്തപുരം | 10, ഫെബ്രുവരി | 2026
ശബരമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടൻ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടുകയാണ് ഇഡിയുടെ ലക്ഷ്യം.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജകൾ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) ജയറാമിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നു എന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ.
ചെന്നൈയിലെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ പോറ്റിയുമായുള്ള ബന്ധം ജയറാം വിശദീകരിച്ചിരുന്നു. മകരവിളക്ക് കാലത്ത് സന്നിധാനത്ത് വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും ഭക്തൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിരുന്നതെന്നും ജയറാം മൊഴി നൽകിയിരുന്നു. തീയതികളിൽ വന്ന മാറ്റങ്ങളിൽ ദുരൂഹതയില്ലെന്ന് കണ്ട് എസ്‌ഐടി അദ്ദേഹത്തെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇഡിയുടെ പുതിയ നീക്കം കേസിൽ നിർണ്ണായകമാണ്.
Content Highlights
- ED issues notice to Actor Jayaram in the Sabarimala Gold Scam case.
- Investigation focuses on financial transactions with main accused Unnikrishnan Potti.
- Jayaram directed to appear before the ED office in Kochi next Tuesday.
- Visuals of Sabarimala door frames being taken to Jayaram’s Chennai home under scrutiny.
- SIT had previously cleared Jayaram, naming him as a key witness in the charge sheet.




















































