കൊച്ചി | 23, ജനുവരി | 2026
കൊച്ചി: നിസ്സാര കാരണത്തിന്റെ പേരിൽ വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൾ പോലീസ് പിടിയിലായി. എറണാകുളം പനങ്ങാട് സ്വദേശി സരസുവിനെ (70) കമ്പിപ്പാര കൊണ്ട് മർദ്ദിച്ച മകൾ നിവിയയെ (30) ആണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ലുകൾ ഒടിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് (ജനുവരി 19) നാടിനെ നടുക്കിയ സംഭവം നടന്നത്. നിവിയയുടെ ഫേസ് ക്രീം അമ്മ മാറ്റി വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കമ്പിപ്പാര കൊണ്ട് വാരിയെല്ലിന് ക്രൂരമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിന് പിന്നാലെ സരസു പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതോടെ നിവിയ ഒളിവിൽ പോവുകയായിരുന്നു.
അന്വേഷണം ഊർജിതമാക്കിയ പോലീസ് വയനാട് മാനന്തവാടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോൾ 10 വയസ്സുള്ള ഒരു കുട്ടിയും നിവിയയ്ക്കൊപ്പമുണ്ടായിരുന്നു. മുൻപ് ഒരു കൊലപാതകക്കേസിലും, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും, ലഹരി മരുന്ന് കേസിലും പ്രതിയായ നിവിയക്ക് കടുത്ത ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
Content Highlights
Daughter arrested in Kochi for brutally assaulting her 70-year-old mother with an iron rod.
The attack was provoked by a minor dispute over a face cream.
The victim, Sarasu, suffered broken ribs and is undergoing treatment.
The accused, Nivia (30), has a criminal history involving murder, kidnapping, and drug cases.
Panangad police apprehended the accused from Mananthavady, Wayanad.




















































